Kerala
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തില് ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ധാര്മിക രോഷമാണു പങ്കുവച്ചിരിക്കുന്നത്. “ബസില് യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കൈ യേറ്റം പോലും ചെയ്യാറുണ്ട്.
ചിലര് ഭയന്ന് അവിടെനിന്നു മാറി പോകാറുണ്ട്. ഇവിടെയും അയാള് മോശമായി പെരുമാറിയെന്ന് ഈ പെണ്കുട്ടിക്ക് ഉറപ്പുണ്ടെങ്കില് ഈ വീഡിയോ എടുക്കാന് കാണിച്ച ധൈര്യം അയാള്ക്കെതിരേ ശക്തമായി പ്രതികരിക്കാനുംകൂടി കാണിക്കണമായിരുന്നു.
ഒരാള് നമുക്കിഷ്ടമല്ലാത്ത രീതിയില് പെരുമാറുമ്പോള്, ശരീരത്തില് സ്പര്ശിക്കുമ്പോള് നമ്മുടെ ഭാവത്തില് പെരുമാറ്റത്തില് അത് പ്രകടമാകും.
പക്ഷേ ഈ വീഡിയോയില് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്ഥത്തില് ഉദ്ദേശിച്ചത്?
ഒരു ആരോപണം വൈറലാകുമ്പോള് ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവര് ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം.
ഒരാളുടെ നിരപരാധിത്വം തെളിയിക്കാന്, വിശ്വസിപ്പിക്കാന് ആ വ്യക്തിക്ക് സ്വന്തം ജീവന് നല്കേണ്ടിവരുന്നു. അയാള് മരിച്ചില്ലായിരുന്നു എങ്കില് സോഷ്യല് മീഡിയയിലെ ജഡ്ജിമാര് രണ്ട് വിഭാഗമായേനെ.
വീഡിയോ വന്ന ഉടനെ അയാള്ക്കെതിരേ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാകാതെയാണല്ലോ അയാള് ജീവനൊടുക്കിയത്. അപ്പോള് ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്. വൈറല് ആവാന് വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില് ചില സമൂഹ മാധ്യമങ്ങളും ഉണ്ട്’’
National
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജാതിവിവേചനവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി കണക്കുകൾ. യുജിസി പാർലമെന്ററി സമിതിക്കും സുപ്രീംകോടതിക്കും കഴിഞ്ഞ വർഷം നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം. 2019-20 അധ്യയനവർഷത്തിൽ 173 പരാതികൾ ലഭിച്ചപ്പോൾ 2023-24 ൽ 378 ആയി ഉയർന്നു. 118.4 ശതമാനം വർധനയാണുണ്ടായത്.
2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ രാജ്യത്തെ 704 സർവകലാശാലകളിൽനിന്നും 1,553 കോളജുകളിൽ നിന്നുമായി യുജിസിക്ക് 1160 പരാതികൾ ലഭിച്ചു. ഇതിൽ 1052 പരാതികൾ പരിഹരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, തീർപ്പാക്കാത്ത പരാതികളുടെ എണ്ണം 2019-20ലെ 18ൽനിന്ന് 2023-24 ആയപ്പോൾ 108 ആയി വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സർവകലാശാലകളിലും കോളജുകളിലും ജാതിവിവേചനം തടയുന്നതിന് സ്ഥാപിച്ച വിവിധ സെല്ലുകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധമുണ്ടായത് പരാതികളുടെ എണ്ണം വർധിക്കുന്നതിന് കാരണമായി കരുതുന്നു.
അതേസമയം, പരാതികൾക്ക് ഉയർന്ന തരത്തിൽ പരിഹാരമുണ്ടാകുന്നുവെന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വാദവുമുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മിക്ക പട്ടികജാതി-പട്ടികവർഗ സെല്ലുകളും സർവകലാശാലകളുടെയോ കോളജുകളുടെയോ കീഴിലാണു പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിന്റെ അധികൃതർ നിർദേശിക്കുന്നവരാണ് സെല്ലുകളുടെ അംഗങ്ങളെന്നും ഇതു പ്രത്യേകിച്ച് ഗുരുതരമായ കേസുകളിലെ നിഷ്പക്ഷത പരിമിതപ്പെടുത്തുമെന്നും ചിലർ അവകാശപ്പെടുന്നു.
2016ൽ ഹൈദരാബാദ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടർന്നാണ് കാന്പസുകളിലെ ജാതിവിവേചനം രാജ്യവ്യാപക ചർച്ചയാകുന്നത്. പിന്നീട് വിഷയം സുപ്രീംകോടതിയിലെത്തി. തുടർന്ന് 2012ലെ ചട്ടങ്ങൾക്കു കീഴിലുള്ള ജാതിവിവേചന പരാതികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ സമാഹരിക്കാൻ യുജിസിക്കു കോടതി നിർദേശം നൽകി. ഇതോടെയാണു സർവകലാശാലകളിലെയും കോളജുകളിലെയും ജാതിവിവേചനത്തെക്കുറിച്ചുള്ള പരാതികളുടെ സമഗ്രമായ കണക്ക് പുറത്തുവന്നത്.
Kerala
തിരുവനന്തപുരം: കേരള സര്വകലാശാലയിലെ ജാതി അധിക്ഷേപമെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ആര്.ബിന്ദു ഉത്തരവിട്ടു. കേരള സര്വകലാശാല സംസ്കൃത വകുപ്പ് മേധാവിയില് നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി പിഎച്ച്ഡി വിദ്യാര്ഥിയായിരുന്ന വിപിന് വിജയന് നല്കിയ പരാതിയിലാണ് നടപടി.
കാര്യവട്ടം ക്യാമ്പസിലെ ഡോ.സി.എന്.വിജയകുമാരിക്കെതിരെയാണ് പരാതി. സംഭവത്തിൽ നിയമപരമായ നടപടികള് സ്വീകരിക്കണമെന്ന് മന്ത്രി വിസിക്കും രജിസ്ട്രാര്ക്കും നിര്ദേശവും നല്കി. സംഭവം സര്വകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കാന് ഉന്നതവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറിക്കും നിര്ദേശം നല്കിയിട്ടുണ്ട്. ആരോപണ വിധേയയായ ഫാക്കല്റ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വിസിക്ക് നല്കിയ കത്തില് മന്ത്രി ആവശ്യപ്പെട്ടു.